Friday, 21 June 2013

അന്ധവിശ്വാസങ്ങൾ



വീട്ടിലേക്ക്‌ പോകുമ്പോൾ 
നന്നായൊന്നു തയ്യാറെടുക്കണം ,

ഡാർവിനെ മനസ്സിലുറപ്പിക്കണം ,
ചർവാകനെ ചവച്ചു കുടിക്കണം,
ഡോക്കിന്സിനെ ഉത്തരം പറയാനേൽപ്പിക്കണം,

ഹെന്ത് കാര്യം ?

ഇത്തവണയും നേരം വെളുക്കുമ്പോൾ ,
അമ്മയുടെ 'ഓടടാ..' വിളിയിൽ
ഇറങ്ങിമണ്ടി ,കുറിതൊട്ട്, കിടന്നുരുണ്ട്,

എന്റെ യുക്തിവാദം ആൽത്തറയിൽ ,
മുട്ടുതടവി അമാന്തിച്ചിരിക്കുന്നത് കാണാം ..

തന്തയില്ലായ്മയുടെ തെരുവുകൾ



ഒരു ശരത്കാല രാത്രിയിൽ
പണ്ട് ,
ഇരുളും നിലാവും
ഇണചേര്‍ന്നുപിരിഞ്ഞത്രേ ,

അങ്ങനെയാണ് ,
നിലാവൊരായിരം,
തന്തയില്ലാത്ത
നിഴലുകളെ പെറ്റതെന്ന് ..

അവര്ക്കൊക്കെ
എന്ത് പറ്റിയെന്നോ ?!

അന്തിയോളം
അകിട് വലിച്ചൂറ്റി,
പകൽ ,
തള്ള വിളർത്തു ചാവുന്നതും
നോക്കിയിരുന്നു
കുറച്ചെണ്ണം ..

വഴി വിളക്കിന്റെ
മറവിൽ ഇരുണ്ട് മുറ്റി
മാവിന്റെ കടക്കൽ
കാലു ചുറ്റി
നിവര്ന്നു കിടന്നൊരുത്തി
മാവ് വെട്ടും വരേയ്ക്കും

കുറ്റി കാട്ടിലേക്ക്
തന്തയെ തിരഞ്ഞുപോയി
ചത്തൊടുങ്ങി
ഒരു പത്തു നൂറെണ്ണം

ഒരുത്തൻ തെളിഞ്ഞും മറഞ്ഞും
എന്റെ പുറകേ കൂടിയിട്ടുണ്ട്
പോന്നോട്ടെ ,
കൈയ്യിലൊന്നുമില്ലാത്തവരിൽ നിന്ന്
അവനെന്താണ് പിടിച്ചുപറിക്കുക ?

Monday, 3 June 2013

ഒരു കാട്ടുപാതക്കവസാനം ...

നിന്റെ കണ്ണുകളൊരു 
കാട്ടരുവിയാണ് 
ചുരുണ്ട് നീണ്ട വള്ളി പടർപ്പുകൾ 
വകഞ്ഞുമാറ്റി 
നെറ്റിയുടെ സമതലത്തിലൂടെ 
മൈലുകളോളം നടന്ന്
മൂക്കു പാലത്തിന്റെ
പൊള്ളയായ
മരത്തടി തൂങ്ങി താഴെയിറങ്ങി
തണുപ്പിനാഴം നോക്കാനൊന്ന്
തൊട്ടതേ ഓർമയുള്ളൂ

എവിടെയോ ചീങ്കണ്ണിയെ പോലെ
പതുങ്ങി നിന്ന
ഒരടിയൊഴുക്ക്
വാ തുറന്നു ചാടി വീണ്
ഒറ്റ പിടിക്കെന്നെ
ഉള്ളിലേക്കാഴ്ത്തി
എവിടേക്കോ
വലിച്ചുകൊണ്ട് പോവുകയാണ്

ഒന്ന് ശ്വാസമെടുക്കാൻ ,
എന്നാണ് എനിക്കിനി
പുറത്തു വരാനാവുക ?