Wednesday 25 July 2012

ആത്മരോഷം...

എഴുത്തുകാരന്റെ ഉള്ളിലെ
ആത്മരോഷമാണ് കവിത ..!
ഹെന്താ ?..പെരുത്ത നൊണയാണെന്നോ,,

ടിപിയുടെ മരണത്തിന്,
ലീഗിന്റെ പച്ച പുതക്കലിന്,
പെണ്ണിന്റെ കരച്ചിലിന് ,
വിപണിയില്‍ കനത്ത ഡിമാന്റ്ണ്ടാകുമ്പോള്‍ 
ഞങ്ങള്‍ ചുട്ടുകൊടുക്കുന്നതാണിതെല്ലാം എന്നോ?...

തറവാട് കുഴിച്ചു വിറ്റ്
ഓസ്ട്രേലിയക്ക് പോയവന്‍ 
നോസ്ടാല്ജിയ തിരുകി കരയുന്നതെന്തിനെന്നോ?

കാറ്റെങ്ങോട്ടെന്നു നോക്കി 
കവി പടച്ചു വിടുന്ന 
കടലാസ് കടുവകളാണ് 
കവിതയെന്നോ? 

ദേണ്ടെ ..എല്ലാം.. 
ഒന്നാന്തരമായി 
നിഷേധിച്ചിരിക്കുന്നു !
മേലാല്‍
ബുദ്ധിജീവികളോടിമ്മാതിരി 
ഏറനാടന്‍ 
തമാശയിറക്കരുത് ... 
പറഞ്ഞേക്കാം ...!

Thursday 12 July 2012

മുന്നോട്ടുള്ള വഴികള്‍



കണ്ണില്‍കണ്ടെതെല്ലാം പാടെ 
ചൊമലില്‍ വലിച്ചു കേറ്റി ,
ഉറുമ്പോളങ്ങനെ
നിലം നെരങ്ങി പോണ വഴി ,

അബ്ദു മുന്നീ ചാടിവീണ്,
കാലോണ്ട്‌ കുറുകെയൊരു
വര വരച്ച്.
തൊണ്ട പൊട്ടുമാറു
തൊള്ളയിട്ടു.

'എല്ലാം പാടെ
വലത്തോട്ടു പോയ്ക്കൊളിന്‍ ....'

വരിവരിയായ്,
അന്തം വിട്ടു നിക്കുന്ന
ഉറുമ്പോളെ
കണ്ട് മടുത്ത് , ഓന്‍
വാപ്പോട് വിളിച്ചു ചോദിച്ചു .

'ഇവറ്റക്കെന്താ വാപ്പാ ഞാമ്പറഞ്ഞ
വയീകൂടെ പോയാല് ...?'

ഉപ്പ ഒന്നും കേക്കാത്ത പോലെ ,
ഉസ്താദിനെ നോക്കി പറഞ്ഞു

'ഇങ്ങള് നോക്കിക്കോളീന്‍
മൂത്തെനേം രണ്ടാമതെനേം
പോലെ ഇതിനേം ഞമ്മള്
ഡാക്കിട്ടരാക്കും...'


ഉറുമ്പുകള്‍
എല്ലാം പാടെ ,
വരിവരിയായി ,
മെല്ലെ
വലത്തോട്ട് നടന്നു തൊടങ്ങി ...

Thursday 5 July 2012

വെളിച്ചം കുഴിച്ചുമൂടിയ നിഴലുകള്‍ ...!



വെളിച്ചം
വരുമ്പോള്‍
ഇരുണ്ട നിഴലുകള്‍
വിറച്ച് ,
വിളറി വെളുത്ത്,
മണ്ണിലേക്ക് ചേരും

വികസനം
വരുമ്പോള്‍
വയറൊട്ടിയെന്റെ
കറുത്ത മക്കളും ..