Tuesday, 24 September 2013

നിഘണ്ടു

ഭ്രാന്ത് : 

ഒറ്റക്കുവരുമ്പോള്‍ കൂട്ടിലിടുകയും 
കൂട്ടത്തിനു വരുമ്പോള്‍ ആഘോഷമാവുകയും
 ചെയ്യുന്ന അവസ്ഥ.


ഹാജരുപട്ടിക|കണ്ണ് |ജീവിതം : 

ഉണ്ട് എന്ന അവസ്ഥയേയും 
ഉണ്ടായിരുന്നു എന്ന അവസ്ഥയേയും
ഇല്ല എന്ന അവസ്ഥയേയും
വേര്‍തിരിക്കുന്ന സാധനം.


Friday, 21 June 2013

അന്ധവിശ്വാസങ്ങൾവീട്ടിലേക്ക്‌ പോകുമ്പോൾ 
നന്നായൊന്നു തയ്യാറെടുക്കണം ,

ഡാർവിനെ മനസ്സിലുറപ്പിക്കണം ,
ചർവാകനെ ചവച്ചു കുടിക്കണം,
ഡോക്കിന്സിനെ ഉത്തരം പറയാനേൽപ്പിക്കണം,

ഹെന്ത് കാര്യം ?

ഇത്തവണയും നേരം വെളുക്കുമ്പോൾ ,
അമ്മയുടെ 'ഓടടാ..' വിളിയിൽ
ഇറങ്ങിമണ്ടി ,കുറിതൊട്ട്, കിടന്നുരുണ്ട്,

എന്റെ യുക്തിവാദം ആൽത്തറയിൽ ,
മുട്ടുതടവി അമാന്തിച്ചിരിക്കുന്നത് കാണാം ..

തന്തയില്ലായ്മയുടെ തെരുവുകൾഒരു ശരത്കാല രാത്രിയിൽ
പണ്ട് ,
ഇരുളും നിലാവും
ഇണചേര്‍ന്നുപിരിഞ്ഞത്രേ ,

അങ്ങനെയാണ് ,
നിലാവൊരായിരം,
തന്തയില്ലാത്ത
നിഴലുകളെ പെറ്റതെന്ന് ..

അവര്ക്കൊക്കെ
എന്ത് പറ്റിയെന്നോ ?!

അന്തിയോളം
അകിട് വലിച്ചൂറ്റി,
പകൽ ,
തള്ള വിളർത്തു ചാവുന്നതും
നോക്കിയിരുന്നു
കുറച്ചെണ്ണം ..

വഴി വിളക്കിന്റെ
മറവിൽ ഇരുണ്ട് മുറ്റി
മാവിന്റെ കടക്കൽ
കാലു ചുറ്റി
നിവര്ന്നു കിടന്നൊരുത്തി
മാവ് വെട്ടും വരേയ്ക്കും

കുറ്റി കാട്ടിലേക്ക്
തന്തയെ തിരഞ്ഞുപോയി
ചത്തൊടുങ്ങി
ഒരു പത്തു നൂറെണ്ണം

ഒരുത്തൻ തെളിഞ്ഞും മറഞ്ഞും
എന്റെ പുറകേ കൂടിയിട്ടുണ്ട്
പോന്നോട്ടെ ,
കൈയ്യിലൊന്നുമില്ലാത്തവരിൽ നിന്ന്
അവനെന്താണ് പിടിച്ചുപറിക്കുക ?

Monday, 3 June 2013

ഒരു കാട്ടുപാതക്കവസാനം ...

നിന്റെ കണ്ണുകളൊരു 
കാട്ടരുവിയാണ് 
ചുരുണ്ട് നീണ്ട വള്ളി പടർപ്പുകൾ 
വകഞ്ഞുമാറ്റി 
നെറ്റിയുടെ സമതലത്തിലൂടെ 
മൈലുകളോളം നടന്ന്
മൂക്കു പാലത്തിന്റെ
പൊള്ളയായ
മരത്തടി തൂങ്ങി താഴെയിറങ്ങി
തണുപ്പിനാഴം നോക്കാനൊന്ന്
തൊട്ടതേ ഓർമയുള്ളൂ

എവിടെയോ ചീങ്കണ്ണിയെ പോലെ
പതുങ്ങി നിന്ന
ഒരടിയൊഴുക്ക്
വാ തുറന്നു ചാടി വീണ്
ഒറ്റ പിടിക്കെന്നെ
ഉള്ളിലേക്കാഴ്ത്തി
എവിടേക്കോ
വലിച്ചുകൊണ്ട് പോവുകയാണ്

ഒന്ന് ശ്വാസമെടുക്കാൻ ,
എന്നാണ് എനിക്കിനി
പുറത്തു വരാനാവുക ?

Sunday, 19 May 2013

കുഞ്ഞേച്ചി മഴയാണ്

കുഞ്ഞേച്ചി ഒരു മഴയാണ് ,
കവിളിലൂടെന്റെ 
ഉള്ളു ചോർന്നൊലിക്കുമ്പോൾ, 
മണ്ണിന്റെ മണമുള്ള നെഞ്ചോടു ചേർത്ത് ,
കണ്ണുനീരത്രയും ഊറ്റിയെടുത്ത് ,
മാറിയിരുന്ന് തേങ്ങി കരയുന്നത് കാണാം ...

വലിയ കോമാളികൾ


കാറ്റിനൊപ്പമൊരു 
മുക്കാൽചക്രം വണ്ടിയിൽ 
സ്റ്റെജിലെക്കെത്തുന്ന, 
കരിങ്കല്ലിൽ തട്ടി
പിടികിട്ടാതെ
പുറകോട്ടു വീണു
നിലം പതിക്കുന്ന ,
ഉള്ളിലെന്തു നടന്നാലും
മുന്നിലിരിക്കുന്നവർക്ക്
ഫർലോങ്ങുകൾ നീളമുള്ള
വെളുത്ത ചിരി സമ്മാനിച്ചു
തിരികെ മടങ്ങുന്ന,
ഒന്നാന്തരമൊരു
കോമാളിയാകുന്നു
കടൽ .

Thursday, 2 May 2013

ഇപ്പോഴും...


ആവുന്നത്ര ഇടിച്ചു നിരത്തിയിട്ടും 
പൊളിച്ചു മാറ്റിയിട്ടും 
മുറിച്ചു വിറ്റിട്ടും 
ഈ ബാല്യമെന്താണിങ്ങനെ
സ്റ്റാറ്റസിനു നിരക്കാത്ത വിധം
ഓടിട്ട പുരയും
ത്രികോണ മലയും
ഒരു ഈർക്കിലി മരവും
വരച്ചുകൊണ്ടേയിരിക്കുന്നത് ?! ,
ഇപ്പോഴും ... !!

Tuesday, 26 March 2013

ബോഡിംഗ് സ്കൂൾ
-------------------------------------------
ജീവിതം ഒരു
ബോഡിംഗ് സ്കൂളാണ് ...

വെക്കെഷനുകള് ,
വിളിച്ചുകൊണ്ടു പോകാൻ
ആരുമില്ലെന്ന
ഓർമപ്പെടുത്തലാണ് ...