Saturday 27 October 2012

തിട്ടപ്പെടുതലുകള്‍



നിമിഷങ്ങള്‍ക്കൊപ്പം 
എത്രയെത്ര ചിറകുകളാണ് ,
വര്‍ണ്ണങ്ങളാണ്,
മുഖംമൂടികളാണ്,
കൊഴിഞ്ഞു വീഴുന്നത് ...

മുന്നോട്ടുള്ള പോക്കില്‍
എത്രയെത്ര മരങ്ങളാണ്, 
മുഖങ്ങളാണ്  ,
ജീവിതങ്ങളാണ് ,
പിറകോട്ടു പായുന്നത്...

Wednesday 24 October 2012

ഒഴുകിമാറുന്ന ഭൂഖണ്ഡങ്ങള്‍


ഇന്നലെ 
കോടതിയില്‍ വച്ച്, 
ഞാനും അവളും 
രണ്ടു ചെറു കരകളായ്
തെന്നി മാറിയതിനു 
പിന്നാലെയാണ് 
പടരുന്ന 
വിള്ളലുകളെ കുറിച്ചു 
ഞാന്‍ ഓര്‍ത്തു പോയത് ...

അച്ഛനും അമ്മയും പണ്ടേ
ഇരു ധ്രുവങ്ങളിലേക്കായി
ഒഴുകി നീങ്ങിയത് ..
അതിര്‍ത്തി തര്‍ക്കം
മൂത്തചേട്ടനെയൊരു കനാലു ദൂരം
മാറ്റി നിറുത്തിയത് ..
ഒരന്യജാതി പ്രണയത്തിന്
കുഞ്ഞുപെങ്ങളെ
സമുദായ ഭ്രഷ്ടുകെട്ടി
മുക്കി കളഞ്ഞത് ...


പണ്ടൊരിക്കല്‍ ,
എല്ലാം ഒരൊറ്റ
വന്‍കരയായിരുന്നിരിക്കണം ...

ഇന്ന് ,
ഉണ്ണിയുടെ ഉള്ളും ,
വിണ്ടു തുടങ്ങിയിരിക്കണം ...

Sunday 21 October 2012

കറുത്ത കനലുകള്‍



ഞാന്‍ കേള്‍ക്കുന്നതും
അതേ കാലൊച്ചകളാണ് ..

അണയുന്നതിനും മുമ്പ്
കനലൂതാന്‍ ഓടിയടുക്കുമെന്ന്
ഞാന്‍ കരുതുന്ന എന്റെ
പ്രിയപ്പെട്ടരുടെ കാലൊച്ചകള്‍..,

ഒരു പക്ഷെ അവരെത്തില്ലായിരിക്കും
അല്ലെങ്കില്‍ എത്തുന്നതിനും മുമ്പേ
പുകഞ്ഞു തണുത്ത്
ഞാനൊരു കരികട്ടയാകുമായിരിക്കും

പിന്നെ പിന്നെ
എനിക്ക് മുകളിലൊരായിരം
കരികട്ടകള്‍ കുമിഞ്ഞു കൂടുമായിരിക്കും ,
അവയെല്ലാം  
വിറങ്ങലിച്ചു ചേര്‍ന്നൊരു 
കറുത്ത കല്ലാകുമായിരിക്കും 


പിന്നീടൊരിക്കല്‍
നിങ്ങള്‍ക്കുള്ളിലെ 
കല്‍ചുമരുകളില്‍ 
,
ഇരുണ്ട പൂക്കളായ് , കുന്നുകളായ്
ഒരു കറുത്ത സൂര്യനായ്
ഉരഞ്ഞു തീര്‍
ന്നിത്തിരി 


തീ പടര്‍ത്തുവാനായിരുന്നെങ്കില്‍ ...

Tuesday 2 October 2012

മഹാത്മാക്കള്‍ക്ക് സംഭവിക്കുന്നത് ...




സമാധിക്കടുത്ത നിമിഷം 
ഗുരുദേവനൊരു മഞ്ഞ 
കൊടികഷണമായത്രേ.
ഒരു ജാതി മതിയെന്നതൊരു
നല്ല ഉദ്ധരണിയായത്രേ ...


വീണതിനടുത്ത നിമിഷം , 
ഗാന്ധിയൊരു കഷണം ഖാദിയായത്രെ 
സത്യവും അഹിംസയും  ,
ഗാന്ധിദിന ക്വിസിലെ 

ഒരുത്തരമായത്രെ...