Monday 12 May 2014

പുറകിലേക്ക്

ഓരോ പുഴയും 
പുറകിലേക്കൊഴുകാന്‍
കൊതിക്കുന്നുണ്ട്,

എല്ലാ വേരുകളും 
വിത്തിലേക്കിറങ്ങുന്നതും
കാത്തിരിക്കുന്ന പോലെ,

ഓരോ കുഴിച്ചെടുക്കലും 
നികത്തിക്കൊണ്ട്,

മറന്നുമുങ്ങിയവരെയെല്ലാം  
തിരിച്ചെടുത്തുകൊണ്ട്,

മുറിച്ചുമാറ്റിയവരെയെല്ലാം 
തിരിച്ചുവിളിച്ചുകൊണ്ട്,

പുറകിലേക്ക് മാത്രം 
ചവിട്ടാവുന്ന സൈക്കിളില്‍
ഞാനും നീയും 
ഭൂതകാലത്തേക്കുരുളാന്‍ 
കൊതിച്ചപോലെത്തന്നെ..

Sunday 4 May 2014

അമ്മയുടെ മുറിയിലേക്കിനിയും നിലാവിറങ്ങിക്കൂട..



ഉമ്മറവാതിലിനു കുറുകെ
ഉറക്കം പൊഴിഞ്ഞുമെലിഞ്ഞ
ചുള്ളികമ്പുകണക്കിന്
നീണ്ടു നിവര്ന്നു കിടന്നു.

കപ്പാസിറ്റര്‍ പണിമുടക്കിയ ഫാന്‍,
കട്ടിലിന്റെ കുളമ്പടികള്‍,
അടുക്കള പൈപ്പിന്റെ ഏമ്പക്കങ്ങള്‍,
മുകളിലത്തെ നിലയില്‍
ഭൂതകാലത്തിലെപ്പോഴോ
അടക്കാന്‍ മറന്ന ജനവാതിലുകളുടെ
തലമുറകള്‍ നീണ്ട
തലതല്ലിപ്രതിഷേധങ്ങള്‍!

എന്തൊരു ബഹളമാണിത്,
ഉറങ്ങാതെ കിടക്കുമ്പോള്‍ മാത്രം
ഉച്ചത്തിലാവുന്ന രാത്രിയൊച്ചകള്‍

അമ്മയുടെ മുറിയിലേക്ക്
നിലാവിറങ്ങുന്നുണ്ടാകുമോ?
മരുന്ന് രണ്ടെണ്ണം തീര്ന്നുത പോയിരിക്കുന്നു,
കണ്ണില്‍ പെട്ട പൊത്തുകളില്‍ എല്ലാം
തുണി നിറച്ചു വച്ചിട്ടുണ്ട് ,
എന്നാലും ആ നശിച്ച വെളിച്ചം
എതിലെങ്കിലൂടെയും തുരന്നിറങ്ങും,
എത്ര കെണി വെച്ചാലും പിടി തരാത്ത
പെരുച്ചാഴിയെ പോലെ

ഗൈറ്റ് അടക്കി പിടിച്ചോന്നു കരഞ്ഞു
കരഞ്ഞ്കരഞ്ഞ് ശബ്ദമില്ലതെയായിപ്പോയൊരു
കുഞ്ഞിനെപ്പോലെ

മുറിയിലേക്ക്‌ കുതിച്ചു ,
മങ്ങിയ വെളിച്ചം,
ചുരുണ്ടിമൂടികിടക്കുന്ന ശൂന്യത!

അമ്മയെവിടെ??

അടുകളവാതിലിനും ഉമ്മറവാതിലിനും
ഇടക്കുള്ള ഇരുട്ടിന്റെ സമുദ്രം,
അനകമില്ലാത്ത താഴുകള്‍,
പിന്നെ?

എന്നോടൊന്നും ചോദിക്കരുതെന്ന ഭാവത്തില്‍
തെക്കോട്ടുള്ള കിളിവാതില്‍
തലയാട്ടിക്കൊണ്ടിരുന്നു,
ഇതിലൂടെ??,
അമ്മയിത്രയും ശോഷിച്ചുപോയിരുന്നെന്നോ,??

നിലാവ് വകഞ്ഞു മാറ്റി,
ഒരു കൈ വട്ടത്തില്‍ ചുഴറ്റി,
മുടി കുടഞ്ഞോഴുകുന്ന അമ്മ.
പാഞ്ഞുച്ചെന്നു വട്ടം പിടിച്ചു,
കുതറല്‍, ചീറ്റല്‍, ആക്രോശം,
‘എനിക്ക് ഗുരുവായൂര്ക്ക്റ പോണം’
വീണ്ടും കുതറല്‍
‘പോകാം..’
‘ഇപ്പൊ പോണം’
‘നേരം വെളുക്കട്ടെ’
‘ഇപ്പൊ പോണം’
‘വേഷ്ടിയുടിത്തിട്ടു പോകാം’
‘ഇപ്പൊ പോണംന്ന്’
ശക്തിയായൊരു തള്ളല്‍
അടുത്ത ജന്മത്തിലെക്കെന്നപോലെ
ഒരു തെറിച്ചുവീഴല്‍,
പുറകിലൊരിടി,
പകുതി കാഴ്ച,
അമ്മ ഓടുന്നു,
മാക്സി ഉയര്ത്തി് പിടിച്ച്,
ഒരു ബസ്സിലേക്ക് ചാടി കയറുന്നു,
അതെ, ഒരു ബസ്സിലേക്ക് ചാ....
ബോധമില്ലായ്മ!.

കണ്ണ് തുറക്കുകയാണ്,
അമ്മ?,
ഏതു ബസ്സ്‌?,
എങ്ങോട്ട്?,
എവിടെ തിരക്കാന്‍?
ആരോട് ചോദിക്കും ?,
ഒരു വണ്ടി കിട്ടിയിരുന്നെങ്കില്‍ ?
...ഓട്ടം!

KSRTC സ്റ്റാന്റ്-
‘മാക്സിയിട്ട സ്ത്രീ,
നരച്ചിട്ടുണ്ട്,
മെലിഞ്ഞിട്ടാണ്
??’

‘ഗുരുവായൂര്ക്ക് പുറപ്പെട്ടിറങ്ങിയ
ഒരെണ്ണത്തെ
തോപ്പുംകരേല് ഇറക്കി വിട്ട്ണ്ട്’!

കൈനെറുകയിലേക്ക് കോര്ത്തു ,
താഴ്ത്തിയൊന്നു മുഖം തുടച്ചു,
…ഈ തോപ്പുംകര ഇതെവിടെയാണ്?!

ദൂരമുണ്ട്,
സര്വ്വ്ശക്തിയുമെടുത്ത് ഓടണം,
നിലാവിറങ്ങിയാല്‍ അമ്മക്ക്
കാറ്റിനേക്കാള്‍ വേഗമുണ്ടാവും ,

തോപ്പുംകര,
സ്റ്റാന്ഡികല്‍ പാര്ക്ക് ചെയ്തിട്ട
വയറൊഴിഞ്ഞ ബസ്സുകള്‍,

വരുന്നകാലത്തിലെ ഇരുട്ടിനും
കഴിഞ്ഞകാലത്തിലെ ഇരുട്ടിനും
ഇടയ്ക്ക് അനാഥമായിപ്പോയ
ഒരു റെയില്വേഅ സ്റ്റേഷന്‍,

വേരുകള്‍ പോലെ
എങ്ങോട്ടെന്നില്ലാതെ
പടര്ന്നു കിടക്കുന്ന, വഴികള്‍,

വിജനത!.

‘മാക്സിയിട്ട സ്ത്രീ,
നരച്ചിട്ടുണ്ട്,
മെലിഞ്ഞിട്ടാണ്’,ആഹ്..'

കാലു തളര്ന്നു വിറക്കുന്നു,
നിശ്വാസം
നരവീണിടറി
മെലിഞ്ഞുണങ്ങി
താഴെവീഴുന്നു,

‘തോപ്പുംകര ഒരു ബോട്ട് ജെട്ടിയുണ്ട്,
അവിടെ നോക്കിയോ ??’

പാച്ചില്‍,കിതപ്പ്,വീഴ്ച,
നനഞ്ഞ ഇരുട്ട്,
ശൂന്യത!

നഷ്ടപെടുന്നതെല്ലാം
ഒഴുകിചേരുന്നയിടം പോലെ
ശാന്തമായി ഒഴുകുന്ന കായല്‍,

‘അമ്മാ...’
‘അമ്മാ...’
കാഴ്ച മങ്ങുകയാണ്,
തിരിച്ചലക്കുന്ന നീണ്ട നിലവിളി
മണ്ണിലേക്കുള്ള വീഴ്ച്ച,

നേര്ത്ത ഒരു മൂളല്‍,
ജട്ടിയുടെ താഴെയുള്ള
പടവില്‍,ഇരുട്ടില്‍ അലിഞ്ഞു തുടങ്ങിയ രൂപം,
നിറവാര്ന്നത ചിരി,
‘വേം.. വേം.. വേം ’’
അമ്മ!

ഒഴുകിയിറങ്ങി,
വാരിപുണര്‍ന്നു,
നീണ്ടയൊരു നെറ്റിയുമ്മ കൊടുത്തു,
വിയര്പ്പി ല്‍ കണ്ണീരുപടര്ന്ന്
താഴേക്കുപെയ്തു,

നനഞ്ഞപടിയിലിരുന്നു,
നിലാവുപൂശിയ മുടിയിഴകള്‍ മെല്ലെ
ചുമലിലേക്ക് ചാഞ്ഞു,
‘ഉണ്ണിക്കണ്ണന്‍ വരുണൂ, ബോട്ടില്,
...ഗുരുവായൂര്ക്ക് പോവാ ’
ഞാനൊരു കണ്ണുമ്മ കൊടുത്തു
‘ഉണ്ണിക്കണ്ണന്‍ വരുണൂ, ബോട്ടില്,
...ഗുരുവായൂര്ക്ക് പോവാ ’
മൂളിയൊരു കവിളുമ്മ കൊടുത്തു.
വരിഞ്ഞുപൊന്തിയ വാരിയെല്ലുകളില്‍
തലോടി കൊടുത്തു ,
വാരി കണ്ണ് തുടച്ചു കൈയ്യിലെടുത്തു,

ദൂരെ,
ഓളങ്ങള്‍ ഉയര്ന്നു പൊങ്ങുന്നു,
അകലങ്ങള്ക്കപ്പുറത്ത് നിന്ന്
എല്ലാം സ്വര്ണനിറമാക്കുന്ന
ഒരു ലാന്തര് വെളിച്ചം തെളിയുന്നു,
അമ്മ ഒരു സൈറണായ് രൂപാന്തരപ്പെടുന്നു,
‘‘...വേം.. വേം.. വേം ’’

പോകണം,
ഇനിയും നിലാവുകൊണ്ടുകൂട!