Monday 12 May 2014

പുറകിലേക്ക്

ഓരോ പുഴയും 
പുറകിലേക്കൊഴുകാന്‍
കൊതിക്കുന്നുണ്ട്,

എല്ലാ വേരുകളും 
വിത്തിലേക്കിറങ്ങുന്നതും
കാത്തിരിക്കുന്ന പോലെ,

ഓരോ കുഴിച്ചെടുക്കലും 
നികത്തിക്കൊണ്ട്,

മറന്നുമുങ്ങിയവരെയെല്ലാം  
തിരിച്ചെടുത്തുകൊണ്ട്,

മുറിച്ചുമാറ്റിയവരെയെല്ലാം 
തിരിച്ചുവിളിച്ചുകൊണ്ട്,

പുറകിലേക്ക് മാത്രം 
ചവിട്ടാവുന്ന സൈക്കിളില്‍
ഞാനും നീയും 
ഭൂതകാലത്തേക്കുരുളാന്‍ 
കൊതിച്ചപോലെത്തന്നെ..

Sunday 4 May 2014

അമ്മയുടെ മുറിയിലേക്കിനിയും നിലാവിറങ്ങിക്കൂട..ഉമ്മറവാതിലിനു കുറുകെ
ഉറക്കം പൊഴിഞ്ഞുമെലിഞ്ഞ
ചുള്ളികമ്പുകണക്കിന്
നീണ്ടു നിവര്ന്നു കിടന്നു.

കപ്പാസിറ്റര്‍ പണിമുടക്കിയ ഫാന്‍,
കട്ടിലിന്റെ കുളമ്പടികള്‍,
അടുക്കള പൈപ്പിന്റെ ഏമ്പക്കങ്ങള്‍,
മുകളിലത്തെ നിലയില്‍
ഭൂതകാലത്തിലെപ്പോഴോ
അടക്കാന്‍ മറന്ന ജനവാതിലുകളുടെ
തലമുറകള്‍ നീണ്ട
തലതല്ലിപ്രതിഷേധങ്ങള്‍!

എന്തൊരു ബഹളമാണിത്,
ഉറങ്ങാതെ കിടക്കുമ്പോള്‍ മാത്രം
ഉച്ചത്തിലാവുന്ന രാത്രിയൊച്ചകള്‍

അമ്മയുടെ മുറിയിലേക്ക്
നിലാവിറങ്ങുന്നുണ്ടാകുമോ?
മരുന്ന് രണ്ടെണ്ണം തീര്ന്നുത പോയിരിക്കുന്നു,
കണ്ണില്‍ പെട്ട പൊത്തുകളില്‍ എല്ലാം
തുണി നിറച്ചു വച്ചിട്ടുണ്ട് ,
എന്നാലും ആ നശിച്ച വെളിച്ചം
എതിലെങ്കിലൂടെയും തുരന്നിറങ്ങും,
എത്ര കെണി വെച്ചാലും പിടി തരാത്ത
പെരുച്ചാഴിയെ പോലെ

ഗൈറ്റ് അടക്കി പിടിച്ചോന്നു കരഞ്ഞു
കരഞ്ഞ്കരഞ്ഞ് ശബ്ദമില്ലതെയായിപ്പോയൊരു
കുഞ്ഞിനെപ്പോലെ

മുറിയിലേക്ക്‌ കുതിച്ചു ,
മങ്ങിയ വെളിച്ചം,
ചുരുണ്ടിമൂടികിടക്കുന്ന ശൂന്യത!

അമ്മയെവിടെ??

അടുകളവാതിലിനും ഉമ്മറവാതിലിനും
ഇടക്കുള്ള ഇരുട്ടിന്റെ സമുദ്രം,
അനകമില്ലാത്ത താഴുകള്‍,
പിന്നെ?

എന്നോടൊന്നും ചോദിക്കരുതെന്ന ഭാവത്തില്‍
തെക്കോട്ടുള്ള കിളിവാതില്‍
തലയാട്ടിക്കൊണ്ടിരുന്നു,
ഇതിലൂടെ??,
അമ്മയിത്രയും ശോഷിച്ചുപോയിരുന്നെന്നോ,??

നിലാവ് വകഞ്ഞു മാറ്റി,
ഒരു കൈ വട്ടത്തില്‍ ചുഴറ്റി,
മുടി കുടഞ്ഞോഴുകുന്ന അമ്മ.
പാഞ്ഞുച്ചെന്നു വട്ടം പിടിച്ചു,
കുതറല്‍, ചീറ്റല്‍, ആക്രോശം,
‘എനിക്ക് ഗുരുവായൂര്ക്ക്റ പോണം’
വീണ്ടും കുതറല്‍
‘പോകാം..’
‘ഇപ്പൊ പോണം’
‘നേരം വെളുക്കട്ടെ’
‘ഇപ്പൊ പോണം’
‘വേഷ്ടിയുടിത്തിട്ടു പോകാം’
‘ഇപ്പൊ പോണംന്ന്’
ശക്തിയായൊരു തള്ളല്‍
അടുത്ത ജന്മത്തിലെക്കെന്നപോലെ
ഒരു തെറിച്ചുവീഴല്‍,
പുറകിലൊരിടി,
പകുതി കാഴ്ച,
അമ്മ ഓടുന്നു,
മാക്സി ഉയര്ത്തി് പിടിച്ച്,
ഒരു ബസ്സിലേക്ക് ചാടി കയറുന്നു,
അതെ, ഒരു ബസ്സിലേക്ക് ചാ....
ബോധമില്ലായ്മ!.

കണ്ണ് തുറക്കുകയാണ്,
അമ്മ?,
ഏതു ബസ്സ്‌?,
എങ്ങോട്ട്?,
എവിടെ തിരക്കാന്‍?
ആരോട് ചോദിക്കും ?,
ഒരു വണ്ടി കിട്ടിയിരുന്നെങ്കില്‍ ?
...ഓട്ടം!

KSRTC സ്റ്റാന്റ്-
‘മാക്സിയിട്ട സ്ത്രീ,
നരച്ചിട്ടുണ്ട്,
മെലിഞ്ഞിട്ടാണ്
??’

‘ഗുരുവായൂര്ക്ക് പുറപ്പെട്ടിറങ്ങിയ
ഒരെണ്ണത്തെ
തോപ്പുംകരേല് ഇറക്കി വിട്ട്ണ്ട്’!

കൈനെറുകയിലേക്ക് കോര്ത്തു ,
താഴ്ത്തിയൊന്നു മുഖം തുടച്ചു,
…ഈ തോപ്പുംകര ഇതെവിടെയാണ്?!

ദൂരമുണ്ട്,
സര്വ്വ്ശക്തിയുമെടുത്ത് ഓടണം,
നിലാവിറങ്ങിയാല്‍ അമ്മക്ക്
കാറ്റിനേക്കാള്‍ വേഗമുണ്ടാവും ,

തോപ്പുംകര,
സ്റ്റാന്ഡികല്‍ പാര്ക്ക് ചെയ്തിട്ട
വയറൊഴിഞ്ഞ ബസ്സുകള്‍,

വരുന്നകാലത്തിലെ ഇരുട്ടിനും
കഴിഞ്ഞകാലത്തിലെ ഇരുട്ടിനും
ഇടയ്ക്ക് അനാഥമായിപ്പോയ
ഒരു റെയില്വേഅ സ്റ്റേഷന്‍,

വേരുകള്‍ പോലെ
എങ്ങോട്ടെന്നില്ലാതെ
പടര്ന്നു കിടക്കുന്ന, വഴികള്‍,

വിജനത!.

‘മാക്സിയിട്ട സ്ത്രീ,
നരച്ചിട്ടുണ്ട്,
മെലിഞ്ഞിട്ടാണ്’,ആഹ്..'

കാലു തളര്ന്നു വിറക്കുന്നു,
നിശ്വാസം
നരവീണിടറി
മെലിഞ്ഞുണങ്ങി
താഴെവീഴുന്നു,

‘തോപ്പുംകര ഒരു ബോട്ട് ജെട്ടിയുണ്ട്,
അവിടെ നോക്കിയോ ??’

പാച്ചില്‍,കിതപ്പ്,വീഴ്ച,
നനഞ്ഞ ഇരുട്ട്,
ശൂന്യത!

നഷ്ടപെടുന്നതെല്ലാം
ഒഴുകിചേരുന്നയിടം പോലെ
ശാന്തമായി ഒഴുകുന്ന കായല്‍,

‘അമ്മാ...’
‘അമ്മാ...’
കാഴ്ച മങ്ങുകയാണ്,
തിരിച്ചലക്കുന്ന നീണ്ട നിലവിളി
മണ്ണിലേക്കുള്ള വീഴ്ച്ച,

നേര്ത്ത ഒരു മൂളല്‍,
ജട്ടിയുടെ താഴെയുള്ള
പടവില്‍,ഇരുട്ടില്‍ അലിഞ്ഞു തുടങ്ങിയ രൂപം,
നിറവാര്ന്നത ചിരി,
‘വേം.. വേം.. വേം ’’
അമ്മ!

ഒഴുകിയിറങ്ങി,
വാരിപുണര്‍ന്നു,
നീണ്ടയൊരു നെറ്റിയുമ്മ കൊടുത്തു,
വിയര്പ്പി ല്‍ കണ്ണീരുപടര്ന്ന്
താഴേക്കുപെയ്തു,

നനഞ്ഞപടിയിലിരുന്നു,
നിലാവുപൂശിയ മുടിയിഴകള്‍ മെല്ലെ
ചുമലിലേക്ക് ചാഞ്ഞു,
‘ഉണ്ണിക്കണ്ണന്‍ വരുണൂ, ബോട്ടില്,
...ഗുരുവായൂര്ക്ക് പോവാ ’
ഞാനൊരു കണ്ണുമ്മ കൊടുത്തു
‘ഉണ്ണിക്കണ്ണന്‍ വരുണൂ, ബോട്ടില്,
...ഗുരുവായൂര്ക്ക് പോവാ ’
മൂളിയൊരു കവിളുമ്മ കൊടുത്തു.
വരിഞ്ഞുപൊന്തിയ വാരിയെല്ലുകളില്‍
തലോടി കൊടുത്തു ,
വാരി കണ്ണ് തുടച്ചു കൈയ്യിലെടുത്തു,

ദൂരെ,
ഓളങ്ങള്‍ ഉയര്ന്നു പൊങ്ങുന്നു,
അകലങ്ങള്ക്കപ്പുറത്ത് നിന്ന്
എല്ലാം സ്വര്ണനിറമാക്കുന്ന
ഒരു ലാന്തര് വെളിച്ചം തെളിയുന്നു,
അമ്മ ഒരു സൈറണായ് രൂപാന്തരപ്പെടുന്നു,
‘‘...വേം.. വേം.. വേം ’’

പോകണം,
ഇനിയും നിലാവുകൊണ്ടുകൂട!

Tuesday 11 March 2014

ഒളിച്ചോടും മുമ്പ് ..

നിനക്കു തരാന്‍
നരക്കാത്തൊരു
ചിരിപോലുമില്ല പെണ്ണേ കൈയ്യിൽ ,
എന്നിട്ടും വരുന്നെങ്കില്‍ വാ
എടുത്തു വച്ചേക്കാമിത്തിരി
അഴികളില്ലാത്ത രാത്രിമഴകള്‍..

Saturday 8 March 2014

തിരിഞ്ഞു നടക്കുമ്പോള്‍

തിരിഞ്ഞു നടക്കുമ്പോള്‍,
ഹോളീവുഡ് സിനിമയിലെ,
മനുഷ്യന്‍ ഇട്ടേച്ചുപോയ
നാടു പോലെയായിണ്ടാവും,
വഴികളൊക്കെ.

എഴുതിവച്ച കവിതകളൊക്കെ,
തൂങ്ങികെടപ്പുണ്ടാവും,
പേടിപ്പിക്കാന്‍ ആളെക്കിട്ടാതെ,
ബോറടിച്ചു പോയ
പ്രേതങ്ങളെ പോലെ.

കഥ പകുതിയാക്കി നിര്‍ത്തിയപ്പൊള്‍,
ആശുപത്രിയിലായിപ്പോയ
രാജുമോന്‍,
നിര്‍ത്താതെ
എന്ടെ തള്ളക്കു
വിളിക്കുന്നുണ്ടാവും.

ചാവാനും, ഡിസ്ചാര്‍ജാവാനും
മേലാതെ.

' ഗ.മ. ഫോട്ടൊഗ്രാഫി' ക്കു മേടിച്ച കാമറ,
'ഒച്ചും ചിലന്തിയും മാത്രമേ നിങ്ങള്ടെ കണ്ണില്‍ പെടുള്ളോ മനുഷ്യാ?'
എന്ന് വലിയവായിലൊരു
കുങ്കുമപ്പൂകരച്ചില്‍ കരയുന്നുണ്ടാവും,

പോകണമെന്ന്
എഴുതിവച്ച
സ്ഥലങ്ങളൊക്കെ,
ദൂരവ്യത്യാസമില്ലാതെ താഴേക്കുതാഴെ കിടന്ന്,
' ഓന്ടെ ഒടുക്കത്തെ പ്ലാനിങ്ങ്' ,
എന്ന് പരസ്പരം കാര്‍ക്കിച്ചു തുപ്പുന്നുണ്ടാവും,

അറിയേണ്ടത് ആരെങ്കിലും
ഒരു ചിരി തരാൻ സാധ്യതയുണ്ടോ
എന്നാണ്

ങ്ഹാ .. വന്ന വഴിയില്‍
ആരുമില്ലാത്ത നേരത്ത് കുറെ
ഒറ്റമരങ്ങള്‍ക്ക് അന്തിക്കൂട്ടു
നിന്നിട്ടുണ്ട്.

ഏയ് , അവരില്‍ എത്രയെണ്ണത്തിനെന്നെ
ഓര്‍മയുണ്ടാവാനാണ്?

Wednesday 5 February 2014

ന്റെ താത്താടെ ആകാശം

ആരോടും പറയര്ത്..
ഇത്താത്തേന്ടെ കൈയ്യിലൊരു 
ആകാശോണ്ട്..ബല്ത്.!

നിക്കൊന്ന് തൊട്ട്നോക്കാക്കാന്‍ കൂടെ തന്നിട്ടില്ല്യ..

എബട്യാ ഒളിപ്പിക്ക്ണേ ആവോ?..
രാത്രീലാ പൊറത്ത്ട്ക്കാ,
കുപ്പി തൊറന്നിട്ട് ഉമ്മറത്തേക്കോടി ഒളിച്ച് നിക്കും..

ശൂന്ന് പൊങ്ങ്യേ നക്ഷത്രങ്ങള് പിന്നെ
താത്താനെ കാണാഞ്ഞ് വേലീന്ടരികത്ത് കണ്ണും മിഴിച്ച് നിക്കുമ്പോ,

ചന്ദ്രന്‍ ചാരാസാരേ കെടന്ന് വെള്ളത്താടി ചൊറിയ്യുമ്പോ..
വാലുള്ളോറ്റയെല്ലാം ഇരിപ്പുറക്കാതെ പരക്കം പായുമ്പോ..
താത്ത പാവാടേം വീശി മുറ്റത്തേക്കിറങ്ങും..
ന്നിട്ട് ഓറ്റങ്ങളെ നോക്കിയൊന്ന് ചിരിക്കും,
ഓര് താത്താനെ നോക്കിയൊന്നു ചിരിക്കും..
 പിന്നെ എല്ലാരും പാടെ വെള്ളത്താടി നോക്കിയൊരു ചിരിച്ചിരിക്കും..
 ന്നിട്ട് ഒക്കേനേംക്കൂട്ടി താത്ത തീവണ്ടികളിക്കും, കൊത്താങ്കല്ല് കളിക്കും..
എബടയ്ക്കാന്ന് ചോദിക്കാതെ എല്ലാം പിന്നാലെ പൊയ്ക്കോളും,
തോറ്റാലും തോറ്റാലും പിന്നേം കളിച്ചോളും..
ഇന്നലെ വീട്ടീന്നെറങ്ങുമ്പൊ താത്ത ന്നോട് കരഞ്ഞോണ്ട് പറഞ്ഞ്,
 'മഴപെയുമ്പോ തട്ടംകൊണ്ട് മൂടണേ..
വെളിച്ചാമ്പോ തൊറക്കര്ത്.. ശാസമ്മുട്ട്വേ,

കുഞ്ഞാത്തൂ..
..ഓര് പത്തായത്തില്ണ്ട്!!

Thursday 9 January 2014

ഫെയര്‍നെസ് സ്റ്റുഡിയോ


ഒരു കളറുപടം വേണം,
ഇപ്പം ശരിയാക്കി തരാന്ന് മൂന്നാം വട്ടം പറഞ്ഞിട്ട്
ദിപ്പോ മണിക്കൂറൊന്നായി,
ചുറ്റും നോക്കി.
'പാസ്പോര്‍ട്ട് സൈസ് 
പത്തുനിമിഷത്തിനുള്ളില്‍'
ഒലത്തിത്തെരുമെന്ന ബോരഡ്,
പണിതീര്‍ന്ന അപ്പൂപ്പന്‍സിന്ടെ പണിതീര്‍ത്ത പടങ്ങള്‍,
ചെറിയ സൈസില്‍ നിന്നും
വലിയ സൈസിലേക്ക് വലുതായിക്കൊണ്ടേയിരിക്കുന്ന ഒരു സില്‍മാനടി,
എലാറ്റയും വെളുവെളുവെളുവെളാന്ന്
വെളുത്തിരിക്കുന്നു,

പടം കിട്ടീപ്പോ ഞാനും തൊലിയുരിഞ്ഞ്
വെളുവെളുവെളുവെളാന്ന്
വെളുത്തിരിക്കുന്നു,

ചെയ്തപണിയുടെ ചേലുനോക്കീ ചിരിച്ചോണ്ട് നില്‍ക്കണ സുകുമാരേട്ടനോട്
ഞാമ്പറഞ്ഞു,
'ഇതൊന്ന് തിരികെ കറുപ്പിച്ചു തരണം'

തണുത്തുറത്തുറഞ്ഞ് ഉള്ളിലേക്കൊഴുകിയ സുകുമാരേട്ടന്‍ പിന്നെ
വിയര്‍ത്തുപൊന്തിവന്ന്
മുഖത്തുനോക്കാതെ പറഞ്ഞു,
'കൊച്ചേ.....
എനക്ക് കറപ്പിക്കാന്‍ അറിഞ്ഞുട!

Saturday 4 January 2014

ചത്തേന്റെ പിറ്റേന്ന് അച്ചാച്ചൻ പറഞ്ഞത് !

വാര്‍ത്തകള്‍,
വിശകലനങ്ങള്‍,
ചോദിച്ചു വാങ്ങേണ്ട
പാക്ക്,മൈദ, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട 
വിത്ത്,വളം, സര്‍ക്കാര്‍
വിശക്കുന്ന നേരത്തെ 
അയ്യപ്പന്‍പ്പാട്ട്,
സ്ഥാനം തെറ്റുമ്പോഴുള്ള 
നിലവിളികള്‍,കൂവലുകള്‍,ഒച്ചപ്പാടുകള്‍
ഇടവേളകളില്‍ തള്ളികയറ്റുന്ന ഒരിക്കലും മുഴുമിക്കാത്ത സംഗീതം,
ഇടക്കൊരു ഡല്‍ഹി റിലേ,
..ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു റേഡിയോയായിരുന്നു,


വാര്‍ത്തകള്‍
ചര്‍ച്ചകള്‍
വാഗ്വാദങ്ങള്‍.
ചോദിച്ചു വാങ്ങേണ്ട
മൈദ, പാക്ക്, കാലിത്തീറ്റ
തിരഞ്ഞെടുക്കേണ്ട
സര്‍ക്കാര്‍, വിത്ത്,വളം,
ഒരിക്കലും ശരിയാവാത്ത ഇരമ്പലുകള്‍,അസ്വാസ്ഥ്യങ്ങള്‍, കാലാവസ്ഥാ അറിയിപ്പുകള്‍.
പാതിരാനാടകങ്ങള്‍,
വയലോ? വീടോ?

അടിച്ചും കത്തിച്ചും ബൌണ്ടറി കടത്തിയ സിക്സറുകളുടെ, റോക്കറ്റുകളുടെ,
ആദിവാസി സമരങ്ങളുടെ ആഘോഷങ്ങള്‍,
ഇടക്കെപ്പഴൊ രാത്രികളില്‍ വിദേശത്തവിടെ നിന്നോ സംപ്രേഷണം ചെയ്യപ്പെടുന്ന
മുഖം മറന്നു തുടങ്ങിയ
ശബ്ദരേഖകള്‍,
ശരിയാ കുഞ്ഞേ ഈ അച്ചാച്ചനൊരു നല്ല കേള്‍വിക്കാരനായിരുന്നു