Tuesday 11 March 2014

ഒളിച്ചോടും മുമ്പ് ..

നിനക്കു തരാന്‍
നരക്കാത്തൊരു
ചിരിപോലുമില്ല പെണ്ണേ കൈയ്യിൽ ,
എന്നിട്ടും വരുന്നെങ്കില്‍ വാ
എടുത്തു വച്ചേക്കാമിത്തിരി
അഴികളില്ലാത്ത രാത്രിമഴകള്‍..

Saturday 8 March 2014

തിരിഞ്ഞു നടക്കുമ്പോള്‍

തിരിഞ്ഞു നടക്കുമ്പോള്‍,
ഹോളീവുഡ് സിനിമയിലെ,
മനുഷ്യന്‍ ഇട്ടേച്ചുപോയ
നാടു പോലെയായിണ്ടാവും,
വഴികളൊക്കെ.

എഴുതിവച്ച കവിതകളൊക്കെ,
തൂങ്ങികെടപ്പുണ്ടാവും,
പേടിപ്പിക്കാന്‍ ആളെക്കിട്ടാതെ,
ബോറടിച്ചു പോയ
പ്രേതങ്ങളെ പോലെ.

കഥ പകുതിയാക്കി നിര്‍ത്തിയപ്പൊള്‍,
ആശുപത്രിയിലായിപ്പോയ
രാജുമോന്‍,
നിര്‍ത്താതെ
എന്ടെ തള്ളക്കു
വിളിക്കുന്നുണ്ടാവും.

ചാവാനും, ഡിസ്ചാര്‍ജാവാനും
മേലാതെ.

' ഗ.മ. ഫോട്ടൊഗ്രാഫി' ക്കു മേടിച്ച കാമറ,
'ഒച്ചും ചിലന്തിയും മാത്രമേ നിങ്ങള്ടെ കണ്ണില്‍ പെടുള്ളോ മനുഷ്യാ?'
എന്ന് വലിയവായിലൊരു
കുങ്കുമപ്പൂകരച്ചില്‍ കരയുന്നുണ്ടാവും,

പോകണമെന്ന്
എഴുതിവച്ച
സ്ഥലങ്ങളൊക്കെ,
ദൂരവ്യത്യാസമില്ലാതെ താഴേക്കുതാഴെ കിടന്ന്,
' ഓന്ടെ ഒടുക്കത്തെ പ്ലാനിങ്ങ്' ,
എന്ന് പരസ്പരം കാര്‍ക്കിച്ചു തുപ്പുന്നുണ്ടാവും,

അറിയേണ്ടത് ആരെങ്കിലും
ഒരു ചിരി തരാൻ സാധ്യതയുണ്ടോ
എന്നാണ്

ങ്ഹാ .. വന്ന വഴിയില്‍
ആരുമില്ലാത്ത നേരത്ത് കുറെ
ഒറ്റമരങ്ങള്‍ക്ക് അന്തിക്കൂട്ടു
നിന്നിട്ടുണ്ട്.

ഏയ് , അവരില്‍ എത്രയെണ്ണത്തിനെന്നെ
ഓര്‍മയുണ്ടാവാനാണ്?