Wednesday, 12 December 2012

അല്‍ഷിമേഴ്സ്



നാളെ 
എണീറ്റത് മുതല്‍ 
ബാക്കിനിര്‍ത്തിയതെല്ലാം 
ഓര്‍ത്ത് ചെയ്യാന്‍ തുടങ്ങണം

ആദ്യം ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം 



പിന്നെ ഇവിടെ
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കണം 



എന്നിട്ട് വേണം
ചുമരില്‍
മര്‍ലിന്‍ മണ്രോവിന്റെയൊരു
കളറു പടം തൂക്കാന്‍ ....

Saturday, 27 October 2012

തിട്ടപ്പെടുതലുകള്‍



നിമിഷങ്ങള്‍ക്കൊപ്പം 
എത്രയെത്ര ചിറകുകളാണ് ,
വര്‍ണ്ണങ്ങളാണ്,
മുഖംമൂടികളാണ്,
കൊഴിഞ്ഞു വീഴുന്നത് ...

മുന്നോട്ടുള്ള പോക്കില്‍
എത്രയെത്ര മരങ്ങളാണ്, 
മുഖങ്ങളാണ്  ,
ജീവിതങ്ങളാണ് ,
പിറകോട്ടു പായുന്നത്...

Wednesday, 24 October 2012

ഒഴുകിമാറുന്ന ഭൂഖണ്ഡങ്ങള്‍


ഇന്നലെ 
കോടതിയില്‍ വച്ച്, 
ഞാനും അവളും 
രണ്ടു ചെറു കരകളായ്
തെന്നി മാറിയതിനു 
പിന്നാലെയാണ് 
പടരുന്ന 
വിള്ളലുകളെ കുറിച്ചു 
ഞാന്‍ ഓര്‍ത്തു പോയത് ...

അച്ഛനും അമ്മയും പണ്ടേ
ഇരു ധ്രുവങ്ങളിലേക്കായി
ഒഴുകി നീങ്ങിയത് ..
അതിര്‍ത്തി തര്‍ക്കം
മൂത്തചേട്ടനെയൊരു കനാലു ദൂരം
മാറ്റി നിറുത്തിയത് ..
ഒരന്യജാതി പ്രണയത്തിന്
കുഞ്ഞുപെങ്ങളെ
സമുദായ ഭ്രഷ്ടുകെട്ടി
മുക്കി കളഞ്ഞത് ...


പണ്ടൊരിക്കല്‍ ,
എല്ലാം ഒരൊറ്റ
വന്‍കരയായിരുന്നിരിക്കണം ...

ഇന്ന് ,
ഉണ്ണിയുടെ ഉള്ളും ,
വിണ്ടു തുടങ്ങിയിരിക്കണം ...

Sunday, 21 October 2012

കറുത്ത കനലുകള്‍



ഞാന്‍ കേള്‍ക്കുന്നതും
അതേ കാലൊച്ചകളാണ് ..

അണയുന്നതിനും മുമ്പ്
കനലൂതാന്‍ ഓടിയടുക്കുമെന്ന്
ഞാന്‍ കരുതുന്ന എന്റെ
പ്രിയപ്പെട്ടരുടെ കാലൊച്ചകള്‍..,

ഒരു പക്ഷെ അവരെത്തില്ലായിരിക്കും
അല്ലെങ്കില്‍ എത്തുന്നതിനും മുമ്പേ
പുകഞ്ഞു തണുത്ത്
ഞാനൊരു കരികട്ടയാകുമായിരിക്കും

പിന്നെ പിന്നെ
എനിക്ക് മുകളിലൊരായിരം
കരികട്ടകള്‍ കുമിഞ്ഞു കൂടുമായിരിക്കും ,
അവയെല്ലാം  
വിറങ്ങലിച്ചു ചേര്‍ന്നൊരു 
കറുത്ത കല്ലാകുമായിരിക്കും 


പിന്നീടൊരിക്കല്‍
നിങ്ങള്‍ക്കുള്ളിലെ 
കല്‍ചുമരുകളില്‍ 
,
ഇരുണ്ട പൂക്കളായ് , കുന്നുകളായ്
ഒരു കറുത്ത സൂര്യനായ്
ഉരഞ്ഞു തീര്‍
ന്നിത്തിരി 


തീ പടര്‍ത്തുവാനായിരുന്നെങ്കില്‍ ...

Tuesday, 2 October 2012

മഹാത്മാക്കള്‍ക്ക് സംഭവിക്കുന്നത് ...




സമാധിക്കടുത്ത നിമിഷം 
ഗുരുദേവനൊരു മഞ്ഞ 
കൊടികഷണമായത്രേ.
ഒരു ജാതി മതിയെന്നതൊരു
നല്ല ഉദ്ധരണിയായത്രേ ...


വീണതിനടുത്ത നിമിഷം , 
ഗാന്ധിയൊരു കഷണം ഖാദിയായത്രെ 
സത്യവും അഹിംസയും  ,
ഗാന്ധിദിന ക്വിസിലെ 

ഒരുത്തരമായത്രെ...
 

Monday, 24 September 2012

തിരിച്ചറിവുകള്‍ ....


തിരിച്ചറിവുകള്‍...
-----------------------------------
               -1-

കുഴിഞ്ഞ കണ്ണുകളുമായ് 
ചരമ കോളത്തിലിരുന്നവരിലൊരു 
നരച്ച രൂപത്തിന്
നീല മഷികൊണ്ടൊരു
മുഖം വരച്ചു കൂട്ടി
കറുത്ത മഷികൊണ്ട്
താടി വലിച്ചു നീട്ടി
കിടാവ്
ശ്വാസം കിട്ടാതെ
ചിരിച്ചു മറിഞ്ഞു

നാട്ടിലെ ഓട്ടുപുരയില്‍,
ഒരു കട്ടിലിന്‍ മുകളില്‍
ആരെയോ  കാത്തുകിടന്നു
 ദ്രവിച്ചു വീണ  മുത്തച്ഛന്‍,

കൊച്ചുമോന് മുമ്പിലൊരു 
അജ്ഞാതശവമായി കിടന്ന്
നീല മോണ കാട്ടിതിരികെ 
ചിരിച്ചു കാണിച്ചു ...

          -2-

വിളര്‍ച്ച പടര്‍ന്ന 
മുഖത്തിത്തിരി ചായം വലിച്ചു നീട്ടി 
പതിവുകാര്‍ തന്ന 
നഖ ക്ഷതങ്ങളില്‍
പൌഡര്‍ നിറച്ചു കൂട്ടി 
ഒരുത്തി 
കണ്ണാടിയിലേക്ക് നോക്കി 
ചിരിച്ചു കാണിച്ചു

ഉള്ളിലുള്ളതെല്ലാം 
ചായങ്ങളില്‍ മുങ്ങി 
തിരിച്ചറിയാത്ത വിധം 
മറഞ്ഞു പോയതോര്‍ത്ത് 
കണ്ണാടിയിലിരുന്നവള്‍
കണ്ണ് നിറയും വരെ 
കുലുങ്ങി ചിരിച്ചു ..

Tuesday, 18 September 2012

ശരികള്‍ അറിഞ്ഞുകൂടാത്തവര്‍......!!!....




പകല്‍ 
തനിക്കുമുള്ളതാണെന്നോര്‍ത്ത്
ഒരു പാമ്പിന്‍കുഞ്ഞ്
വെളിച്ചത്തേക്കിറങ്ങി ഇഴഞ്ഞുവെന്ന് ,


രാത്രി തനിക്കുമുള്ളതാണെന്നോര്‍ത്ത്
ഒരു പെണ്‍കുട്ടി 
ഇരുട്ടത്തേക്കിറങ്ങി നടന്നുവെന്ന് ...


 കണ്ടവരൊക്കെയും
 കുമിഞ്ഞു കൂടി ചെന്ന്‍

ചോര തുപ്പുവോളം മെതിച്ചു കൂട്ടി 
അവറ്റയെ  
വഴിയരികിലേക്ക് വലിച്ചെറിഞ്ഞെന്ന് ..