Thursday 9 January 2014

ഫെയര്‍നെസ് സ്റ്റുഡിയോ


ഒരു കളറുപടം വേണം,
ഇപ്പം ശരിയാക്കി തരാന്ന് മൂന്നാം വട്ടം പറഞ്ഞിട്ട്
ദിപ്പോ മണിക്കൂറൊന്നായി,
ചുറ്റും നോക്കി.
'പാസ്പോര്‍ട്ട് സൈസ് 
പത്തുനിമിഷത്തിനുള്ളില്‍'
ഒലത്തിത്തെരുമെന്ന ബോരഡ്,
പണിതീര്‍ന്ന അപ്പൂപ്പന്‍സിന്ടെ പണിതീര്‍ത്ത പടങ്ങള്‍,
ചെറിയ സൈസില്‍ നിന്നും
വലിയ സൈസിലേക്ക് വലുതായിക്കൊണ്ടേയിരിക്കുന്ന ഒരു സില്‍മാനടി,
എലാറ്റയും വെളുവെളുവെളുവെളാന്ന്
വെളുത്തിരിക്കുന്നു,

പടം കിട്ടീപ്പോ ഞാനും തൊലിയുരിഞ്ഞ്
വെളുവെളുവെളുവെളാന്ന്
വെളുത്തിരിക്കുന്നു,

ചെയ്തപണിയുടെ ചേലുനോക്കീ ചിരിച്ചോണ്ട് നില്‍ക്കണ സുകുമാരേട്ടനോട്
ഞാമ്പറഞ്ഞു,
'ഇതൊന്ന് തിരികെ കറുപ്പിച്ചു തരണം'

തണുത്തുറത്തുറഞ്ഞ് ഉള്ളിലേക്കൊഴുകിയ സുകുമാരേട്ടന്‍ പിന്നെ
വിയര്‍ത്തുപൊന്തിവന്ന്
മുഖത്തുനോക്കാതെ പറഞ്ഞു,
'കൊച്ചേ.....
എനക്ക് കറപ്പിക്കാന്‍ അറിഞ്ഞുട!

7 comments:

  1. ഹ...ഹ...ഹ... പാവം സുകുമാരേട്ടൻ. പുള്ളി ഉള്ളതു പറഞ്ഞു. ഉള്ള് വെളുത്തതിന്റെ ഗുണമാ ആ ഉള്ളത് പറച്ചിൽ.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ഹഹ...സ്റ്റുഡിയോ!

    എന്നെ ഒരിക്കല്‍ മിനുസപ്പെടുത്തിത്തന്നു
    അത് വേണ്ടാ, ഉള്ളതുപോലെ മതിയെന്ന് ഞാനും!

    ReplyDelete
  3. പടത്തില് ഇത്തിരി ഗ്ലാമര്‍ കൂടിപ്പോയതിനു പാവം സുകുമാരന്‍ ചേട്ടനെ വിയര്‍പ്പിക്കാന്‍..

    ReplyDelete
  4. കബളിപ്പിക്കപ്പെടുന്നതിന്റെ/അതിനുപകരണമാകുന്നതിന്റെ/വ്യാജ നിര്‍മ്മിതികളുടെ എല്ലാം വര്‍ത്തമാനാവസ്ഥയിലേക്ക് ഒരു ചെറു ചൂണ്ടലാകുന്നുണ്ട് ഈയെഴുത്ത്.

    ReplyDelete
  5. കവിത സുന്ദരമായി..ആശംസകള്‍

    ReplyDelete
  6. ഫെയറ് ആന്റ് ലവ്‌ലികളുടെ കാലത്ത് വ്യക്തിത്വം ഉള്ള ഒന്നു.

    ReplyDelete